പൂങ്കാവ് പള്ളിയിലെ നഗരികാണിക്കല്‍ ഇന്ന്

പൂങ്കാവ്: ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പൂങ്കാവ് പള്ളിയില്‍ നടക്കുന്ന നഗരികാണിക്കല്‍ ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൂങ്കാവ്പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ അത്ഭുത പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ട് പൂങ്കാവിലെ വിശാലമായ പള്ളിഅങ്കണത്തില്‍ വൈകീട്ട് നാലിന് വിലാപയാത്ര നടത്തും. ഈ സമയം ഭക്തര്‍ കൊന്നപ്പൂവും തളിര്‍വെറ്റിലയും കറിവേപ്പിലയും വാരിയെറിഞ്ഞ് ‘എന്റെ കര്‍ത്താവേ …എന്റെ ദൈവമേ..’എന്നു വിളിച്ച് കരയും. ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 1 വരെ പൂങ്കാവ് പള്ളിയില്‍ കുരിശിന്റെ വഴി നടക്കും. തുടര്‍ന്ന് 2 മണിവരെ പുത്തന്‍പാന, അമ്മാനംവായന തുടങ്ങി അനുഷ്ഠാന ചടങ്ങുകള്‍. പുലര്‍ച്ചെ 5 മണി മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം . ഇത്തവണ ഒരുലക്ഷം പേര്‍ക്കുള്ള നേര്‍ച്ചക്കഞ്ഞി തയ്യാറാക്കിയിട്ടുണ്ട്. നേര്‍ച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട വെഞ്ചരിപ്പു കര്‍മ്മം കൊച്ചി രൂപതാ മെത്രാന്‍ ഡോ.ജോസഫ് കരിയില്‍ നിര്‍വ്വഹിക്കും.വൈകീട്ട് മൂന്നിന് കര്‍ത്താവിന്റെ പീഡാസഹനാനുസ്മരണം, വചനപ്രഘോഷണകര്‍മ്മം, വിശ്വാസികളുടെ പ്രാര്‍ത്ഥന, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നിവ നടക്കും, ഫാ.അഗസ്റ്റിന്‍ തയ്യില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.രാത്രി 7ന് ഫാ.ജോഷി മയ്യാറ്റില്‍ ധ്യാനപ്രസംഗം നടത്തും. രാത്രി 12ന് കബറടക്ക ശുശ്രൂഷയോടെ ചടങ്ങുകള്‍ സമാപിക്കും.

This entry was posted in News. Bookmark the permalink.

Comments are closed.