ലത്തീന്‍ കത്തോലിക്കര്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണം- ജി.കാര്ത്തികേയന്
Posted on: 11 Nov 2012
ആലപ്പുഴ:സംവരണം ഉണ്ടായിട്ടും സമുദായത്തില്‍നിന്ന് പി.എസ്.സി. വഴി നിയമനം ലഭിക്കുന്നവരുടെ എണ്ണം കുറവാണെന്നും വിദ്യാഭ്യാസപരമായി സമുദായാംഗങ്ങള്‍ ഇനിയും ഉയരേണ്ടതായിട്ടുണ്ടെന്നും സ്പീക്കര്‍ ജി.കാര്ത്തികേയന് പറഞ്ഞു. ഇക്കാര്യത്തില്‍ ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പൂങ്കാവ് ഔവ്വര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ച് ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലത്തീന്‍ കത്തോലിക്കാ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിന് ക്രൈസ്തവ സമൂഹം വഹിച്ച പങ്ക് കേരളചരിത്രത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ അനാവശ്യമായ അസ്വസ്ഥതകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, നോട്ടംകൊണ്ടോ വാക്കുകൊണ്ടോ പ്രശ്നങ്ങളെ ആളിക്കത്തിക്കാത്ത സമൂഹമാണ് ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി രൂപത വികാരി ജനറല്‍ ഫാ. ആന്റണി തച്ചാറ അധ്യക്ഷനായിരുന്നു. ഡോ. എം.ജി.എസ്.നാരായണന് മുഖ്യപ്രഭാഷണം നടത്തി. ടി.എം.തോമസ് ഐസക് എം.എല്‍.എ., ടി.എ.ഡാല്‍ഫിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഷൈജു പരിയാത്തുശ്ശേരി സ്വാഗതവും ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍ നന്ദിയും പറഞ്ഞു.