നഗരികാണിക്കല്‍ പുണ്യാനുഭവമായി

(Mathrubhumi.com)

Posted on: 23 Apr 2011

പൂങ്കാവ്: ദുഃഖവെള്ളി ദിനത്തില്‍ പൂങ്കാവ്പള്ളിയില്‍ നടന്ന നഗരികാണിക്കല്‍ ഭക്തസഹസ്രങ്ങള്‍ക്ക് പുണ്യാനുഭവമായി. വെള്ളിയാഴ്ച അഞ്ചുമണിയോടെ കര്‍ത്താവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ നടന്നു. കൊന്നപ്പൂക്കളും തളിര്‍വെറ്റിലയും വാരിവിതറി ഭക്തര്‍ തിരുസ്വരൂപം വണങ്ങി.

വിശ്വാസികള്‍ ‘എന്റെ ദൈവമേ, എന്റെ കര്‍ത്താവേ’ എന്നു നിലവിളിച്ചു. പ്രത്യേകം തയ്യാറാക്കിയ വട്ടക്കല്ലില്‍ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. ഈ സമയം വിശ്വാസികള്‍ നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ചു. പതിനായിരങ്ങള്‍ നേര്‍ച്ചക്കഞ്ഞി കഴിച്ചു. കുരിശിന്റെ വഴിയും പുത്തന്‍പാന അമ്മാനം വായനയും കുരിശാരാധനയും നടന്നു. തുടര്‍ന്ന് ദിവ്യകാരുണ്യ സ്വീകരണവും ശയന പ്രദക്ഷിണവുമായിരുന്നു. ചടങ്ങുകള്‍ക്ക് ഫാ.അഗസ്റ്റിന്‍ തയ്യില്‍, ഫാ.പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, ഫാ.ഷൈജു പരിയാത്തുശ്ശേരി, ഫാ.ആന്റണി അഞ്ചുകണ്ടത്തില്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

This entry was posted in News. Bookmark the permalink.

Comments are closed.